Monday, April 6, 2026
അൻപതു വർഷം (17,800 ദിനം) ഭൂമിയിൽ ജീവിച്ചവനാകുന്നു ഞാൻ
രാമചന്ദ്രൻ മാഷ്, 1980ൽ മേയ് മാസത്തിൽ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്ന മലയോര പട്ടണത്തിൽ നിന്നും പാലോട്ടേക്ക് പോകുന്ന വഴിക്ക് പിന്നാക്കഗ്രമമായ "കുറുപുഴ" എന്ന സ്ഥലത്തെ സർക്കാർ എൽ.പി.എസ് സ്കൂളിലേക്കുള്ള ഫോമിൽ എഴുതിച്ചേർത്ത ജനനത്തീയതി പ്രകാരം നാളെ (07/04/2026) അൻപതു വർഷം (17,800 ദിനം) ഭൂമിയിൽ ജീവിച്ചവനാകുന്നു ഞാൻ. പ്രായം ഇതിൽ കൂടുതലാകാൻ സാധ്യത ഉണ്ട്. വൈയ്യക്തികമായി തന്നെത്തന്നെ പരിചയപ്പെടുത്തുക എന്നത് മുഷിപ്പൻ രീതിയാണ്. അതിൽ അയാളുടെ കാല-ദേശത്തിൻ്റെ പൊതുവായ അനുഭവം ഇല്ലെങ്കിൽ പ്രത്യേകിച്ചും.
ജീവിതത്തിൽ എന്തെങ്കിലും മേൽവിലാസം ഉണ്ടാക്കിയവർ പൊതുവിൽ; കുട്ടികാലത്തെ ദുരനുഭവങ്ങളും പ്രതികൂല അവസ്ഥകളെയും വിവരിക്കവേ അതിൻ്റെ ചുറ്റുവട്ടത്തുള്ളവരെ പ്രതിസ്ഥാനത്ത് നിറുത്താറുണ്ട്. പക്ഷേ, ഭവന അസ്ഥിരത്വവും അക്കാരണത്താലുണ്ടായ തുടരെത്തുടരെ മാറേണ്ടിവന്ന സ്കൂൾ പഠനം, ക്ഷയിച്ചുപോയ കുടുബം, 1970-80കളിലെ പൊതുവായ ദാരിദ്ര്യം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുടുബത്തിലെ ഏഴാമനും അവസാനത്തെ ആളും, കൃശഗാത്രനും, അനാരോഗ്യവാനുമായ എനിക്ക് ഇക്കാരണത്താലൊക്കെ അമിത ലാളന വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഒറ്റപ്പെട്ട വിവേചനവും അവഗണനയും നൽകിയവരേ നന്ദിയോടെ സ്മരിക്കുന്നു. ഏതൊരു വ്യക്തിയിലും ഉൾപ്രേരണയുടെ അഗ്നി ജ്വലിക്കണമെങ്കിൽ ബല്യത്തിൽ കുറച്ചെങ്കിലും പ്രതികൂല ചുറ്റുപാട് ഉണ്ടായേ മതിയാകൂ. അക്കാലത്തൊക്കെ കുട്ടികൾക്ക് സ്വഭവനം അന്യ ഭവനം, സ്വപറമ്പ് അന്യ പറമ്പ് എന്ന കാര്യമായ വ്യത്യാസം അനുഭവിക്കേണ്ടി വന്നിട്ടില്ല. മുതിർന്ന ആർക്കും ഞങ്ങളുടെ മേൽ ശാസനാധികാരവും സംരക്ഷമനോഭാവവും ഉണ്ടായിരുന്നു. അതിർത്തികൾ വകവയ്ക്കാതെ കുട്ടികൾക്ക് സഞ്ചരിക്കാമായിരുന്നു. ഏത് പറമ്പിലേയും നിലത്ത് വീഴപ്പെട്ട ഫലങ്ങൾ കുട്ടികൾക്ക് സ്വന്തമായിരുന്നു. വിശപ്പ് സമ്മാനിച്ച മണവും രുചിയും സ്കൂൾ വരാന്തകളിൽ വാഴയിലയിലോ, വട്ടത്താമരയിലയിലോ വിളമ്പുന്ന ഡാൽഡ ചേർത്ത്; മുളകും കടുകും ഇട്ട് താളിച്ച ഗോതമ്പ് ഉപ്പുമാവിന് ഉണ്ടായിരുന്നു. ഹൈസ്കൂൾ കാലത്ത് സർക്കാർ തുടങ്ങിയ പയറും കഞ്ഞിയും അനുഭവിക്കാൻ ഞങ്ങളിൽ ചിലർ വിളമ്പൽ കാരുടെ റോളെടുത്തു. അങ്ങനെ അലുമിനിയം തോട്ടിയിൽ കൂടുതൽ പയറും കുറച്ചു കഞ്ഞിയും സ്വന്തമാക്കുമായിരുന്നു.
അച്ചടക്കത്തിൻ്റെ കെട്ടുപാടുകളില്ലാത്ത കാമ്പസാണ് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലേത് എന്നത് പ്രസിദ്ധമാണ്. വ്യക്തിപരമായി എനിക്കതിൽ കൗതുകമൊന്നും തോന്നിയിരുന്നില്ല. കാരണം; ആറ്റിങ്ങലിനടുത്തുള്ള ആലംകൊട് LPSൽ രണ്ടാം ക്ലാസിലായിരിക്കെത്തന്നെ വെള്ളിയാഴ്ചകളിൽ ബാബു, യുസിഫ് എന്നീ വികൃതികളോടൊന്നിച്ചു വഴിഅതിരുകളിൽ കാണുന്ന തുടലിപ്പഴവും നാടൻ കൈതച്ചക്കയും കഴിച്ച് ഏതെങ്കിലും നീർചാൽ ലക്ഷ്യമാക്കി നടക്കും, അടക്കയുടെ പോള കൊണ്ട് മാനത്തുകണ്ണി മീൻ പിടിച്ച് രസിച്ചിട്ട് വരാൻ നേരം അതിൽ തന്നെ തിരികെവിടും. പലപ്പോഴും സ്കൂളിൽ തിരികെ എത്തുപ്പോഴേക്കും അടുത്ത പീരിയഡ് തുടങ്ങിയിട്ടുണ്ടാകും, തുടർന്ന് തുട പൊട്ടുമാറുള്ള ചൂരൽ പ്രയോഗത്തിനു നിന്നുകൊടുക്കുകയും ചെയ്യും. ആറാം ക്ലാസ്സോടെ ഹൈസ്കൂൾ പഠനത്തിന് ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ഉള്ള കന്യാകുളങ്ങര സർക്കാർ ബോയ്സ് എത്തിയപ്പോൾ വിദ്യാർത്ഥിരാഷ്ട്രീയ പരീക്ഷണം നടത്തുകയും എട്ടാം ക്ലാസ്സോടെ പ്രമുഖ വിദ്യാർത്ഥിസംഘടനയുടെ യുണിറ്റ് സെക്രട്ടറിയാവുകയും ചെയ്തു. ഇക്കാരണത്താൽ ക്ലാസ്സിൽ ഇഷ്ടമുള്ളപ്പോൾ കയറാനും ഇറങ്ങി പോകാനും കഴിയുമായിരുന്നു. ഇക്കാലത്താണ് കൊച്ചിറ ഗ്രാമീണ ഗ്രന്ഥ ശാലയിൽ അംഗത്വംമെടുത്ത് വായനയിലൂടെ ലോകത്തെ വിശാലമായി കാണാൻ തുടങ്ങി. അന്ന് സോവിയറ്റ് യൂണിയനിൽ നിന്നും ഒന്നാന്തരം ആർട്ട് പേപ്പറിൽ അച്ചടിച്ച വിപ്ലവ മലയാളം പുസ്തകങ്ങൾ ധാരാളമുണ്ടായിരുന്നു അവിടെ. ആദ്യം വായിക്കാനെടുത്ത പുസ്തകം ഇപ്പോഴും ഓർക്കുന്നു വെളുത്ത കവർ പേജിൽ ലെനിൻറെ രേഖാചിത്രവും ചെമന്ന കൊടിയുമുള്ള "1917 റഷ്യൻ വിപ്ലവം -വ്ലാദിമിർ ഇലിച്ച് ഉല്യാനോവ് ലെനിൻ " ആയിരുന്നു അത്. സ്വാധീനിച്ച മറ്റൊരു പുസ്തകം സ്കൂൾ ഭൂമിശാസ്ത്ര അദ്ധ്യാപകരിൽ നിന്നും ഞാൻ ഏഴാം ക്ലാസ് വരെ ധരിച്ചുവച്ചിരുന്നത് ഭൂമി പന്തുപോലെയെന്നും അതിൻ്റെ ഉള്ളിലാണ് നാമെന്നുമായിരുന്നു. കളറിൽ അച്ചടിച്ച എം.പി.പരമേശ്വരന്റെ ‘പ്രപഞ്ചരേഖ’ എന്ന അത്യാവശ്യം വലിപ്പവും കനവുമുള്ള പുതകമാണ് ആധാരണ മാറ്റിപ്പിച്ചതും, പ്രകാശത്തേക്കാൾ വേഗതയുള്ള വേറെ കണമുണ്ട് ടീച്ചറെ എന്ന് ക്ലാസ്സിൽ തർക്കിക്കാൻ മാത്രം ധൈര്യം കിട്ടിപ്പിച്ചതും. മലയാളം അദ്ധ്യാപകനായിരുന്ന മുൻ MLA യും നാടകകൃത്തുമായ പിരപ്പൻകോട് മുരളിസാർ "ഗീതയിൽ ഇല്ലാത്തതൊന്നും പുറത്തില്ലെന്നും പുറത്തുള്ളത് എല്ലാം ഗീതയിൽ ഉണ്ടെന്നും" ഏതോ പാഠ്യഭാഗത്തിനിടയിൽ പരാമർശിച്ചത് ഗീത വായിക്കണമെന്ന തോന്നലുണ്ടാക്കി. ഈ ഗ്രന്ഥശാലയിൽ നിന്നും അങ്ങനെയാണ് ഏഴ് വാള്യങ്ങളുള്ള ബ്രഹത്ത് ഗ്രന്ഥമായ "വിവേകാനന്ദ സാഹിത്യ സർവ്വസ്വം" വായന തുടങ്ങുന്നത്. ഇതിനെക്കുറിച്ച് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വകാര്യ അഹങ്കാരമായി ഞാൻ പറഞ്ഞുനടക്കുന്ന ഒരു കര്യമുണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിൻറെ പരമപ്രചാരകനായ എൽ.കെ അദ്വാനി പാർലമെന്റ് ലൈബ്രറിയിൽ നിന്നും ഇതിൻ്റെ ഇംഗ്ലീഷ് വേർഷൻ വായിക്കാൻ തുടങ്ങുന്നതിനും എട്ടുവർഷങ്ങൾക്ക് മുൻപേ ഞാൻ മലയാളത്തിലുള്ളത് വായിച്ചിരുന്നുവെന്നതാണത്. കൂടാതെ ടാർസർ 12ഭാഗങ്ങൾ, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും, എം കെ ഗാന്ധിയുടെ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തൽ എന്നിവ വായിച്ചിരുന്നു. ഇതെക്കെ അപ്പോൾ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നുവോ എന്ന് ഇപ്പോൾ സംശയിക്കുന്നു. പക്ഷേ എൻ്റെ ചിന്താ പരിസരത്തെ വിപുലീകരിക്കാൻ ഈ വായന ഉതകിയിട്ടുണ്ട്. ഇതിനിടയിൽ ഉള്ള് ഉമിത്തീയിൽ എറിയുമ്പോലെ നീറുന്ന ഒരുകാര്യമുണ്ടായിരുന്നു. അത് മാത്യഭാഷയിൽ ആരോടും അത്യാവശ്യം തർക്ക-വിതർക്കങ്ങളിൽ ഏർപ്പെടാൻ മാത്രം കഴിവുണ്ടായിട്ടും എട്ടാം ക്ലാസ്സ് ആയിട്ടും ഇംഗ്ലീഷ് ഭാഷ അത്യാവശ്യം വായിക്കാൻ പോലും അറിയില്ല എന്നതായിരുന്നുവത്. ഹിന്ദിയും അങ്ങനെയായിരുന്നെങ്കിലും പുതുതായി വന്ന ഹിന്ദി ടീച്ചറിൻ്റെ സ്നേഹമസൃണമായ പ്രോത്സാഹനത്തോടെ "ഹിന്ദി ഭാഷാ സഹായി" വായിച്ച് വേഗമത് പരിഹരിച്ചു. ഇക്കഥ ഈ ടീച്ചർ കാലങ്ങൾക്കു ശേഷവും കുട്ടികളെ പ്രചോദിപ്പിക്കാൻ പറയുമായിരുന്നതായി അറിഞ്ഞിരുന്നു.
സ്വത്വ ചിന്തകൾ ഓരോ വ്യക്തിയും അനുഭവിക്കേണ്ട വേദനയാണ്. അതൊരു ബുദ്ധൻറെ വേദനയിൽ ഒതുങ്ങുന്നതല്ല. അക്ഷരതെറ്റുകൾ ഉണ്ടാകുമെങ്കിലും കുറച്ചെക്കെ എഴുതുമായിരുന്നു-എന്നാൽ ഞാൻ എഴുത്തുകാരൻ അല്ല. പ്രീ-ഡിഗ്രി കാലങ്ങളിൽ ചെറിയചെറിയ പ്രസംഗങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ടെങ്കിലും ഞാനൊരു പ്രാസംഗിഗനല്ല. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരുന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും എല്ലാകര്യങ്ങളിലും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഞാനൊരു രാഷ്ട്രീയക്കാരനല്ല. വരയും പെയിന്റിങ്ങും ശില്പവും വഴങ്ങിയതുകൊണ്ട് ഫൈനാർട്സ് കോളേജിൽ എത്തപ്പെടുകയും ചരിത്രത്തിലെ ഉത്തമ കലാകാരന്മാരെക്കുറിച്ച് പഠിക്കുകയും ചെയ്തുവെങ്കിലും കല-ഏതെങ്കിലും കാലത്ത് ആരാധനാലയ-കൊട്ടാര-മുതലാളിത്വ പിടുത്തത്തിൽ നിന്നും കുതറിമാറി നിന്ന ഒരു അസ്‌തിത്വ മഹത്വമുല്ല ഒന്നായി ഉള്ളതായി തോന്നിയിട്ടില്ല. കൂടാതെ കൂടുതൽ അറിയുംതോറും കർമ്മം കുറയും എന്ന പ്രശ്നവും ഉണ്ട് അക്കാദമിക പഠനത്തിന്. മറ്റൊന്ന് കലാചരിത്രത്തിൽ 36,000മുതൽ 17,000 പഴക്കമുണ്ടെന്ന് പഠിപ്പിക്കപ്പെടുന്ന ഫ്രാൻസിലെ ലസ്‌ക്കസ്സ് ഇന്നൊരു തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 35,000 and 41,000 വർഷം പഴക്കമുണെന്ന് പറയുന്ന ലയൺ മെൻ എന്ന ശില്പവും ഒരു തട്ടിപ്പാകാനേ വഴിയുള്ളൂ . മാമ്മോത്തിന്റെ എല്ലിൽ പിൽക്കാലത്തു കൊത്തിവച്ച രൂപം യൂറോപ്യൻ കലാ മേന്മയുടെതെളിവായി കൃത്രിമമായി ഉണ്ടാക്കിയതാകാം.
ഡാർവിൻറെ പരിണാമ സിദ്ധാന്തം തെളിയിക്കാൻ (മിസ്സിംഗ് ലിങ്ക്) വ്യാജമായി Charles Dawson എന്ന വ്യക്തിയാൽ സൃഷ്ടിക്കപ്പെട്ട രൂ Piltdown Man പോലെ.
മറ്റൊരുദാഹരണം ഞാനും പങ്കെടുത്ത, 2017ൽ ദുബായിലെ എക്സ്പോ 2020ക്കു വേണ്ടി ഒരു ലോഗോ കോംപറ്റീഷൻ ഉണ്ടായിരുന്നു. മുന്ന് സ്ഥാനക്കാർക്കും പറഞ്ഞ പ്രകാരം സമ്മാനം കൊടുത്തെങ്കിലും. മത്സരത്തിൽ പെടാത്ത ഷെയ്ഖ് (ഓർക്കുക -മറ്റാരുമല്ല അല്ല) എലികോപ്ടറിൽ സഞ്ചരിക്കേ മരുഭൂമിയിൽ പ്രത്യേക ഇടത്ത് പരുന്തുകൾ അസാധാരണാവിധം പറക്കുന്നിടം കുഴിച്ചപ്പോൾ കിട്ടിയ പതിനായിരത്തോളം വർഷം പഴക്കമുള്ള റിങ്ങിനെ അടിത്തനമാക്കി ചെയ്ത ലോഗോയാണ് ഔദ്യോഗികമായി എടുത്തത്. ചരിത്രവും ഒരു പരിധിവരെ കൃത്രിമമായി സൃഷ്ടിക്കപ്പെടുകയാണ്. കൂടുതൽ പ്രാചാരണം കിട്ടുന്നത് സത്യമായി സത്യമായി അംഗീകരിക്കപ്പെടുന്നു.
സ്വതന്ത്രമായി 80വർഷം പിന്നിട്ടിട്ടും പഴയ കൊളോണിയൽ അക്കാദമീഷ്യന്മാർ ഉണ്ടാക്കിയവച്ച അക്കാദമിക് പഠന ചട്ടക്കൂട് മാറിയെന്ന് തോന്നിയിട്ടില്ല. യൂറോപ്യൻ-വിക്ടോറിയ വംശീയ മേധാവിത്വം ഉറപ്പിച്ചു അപകർഷതാ ബോധം കുത്തിവയ്ക്കുന്നുവെന്ന കുഴപ്പവും ഉണ്ടിതിന്. അതിനാൽ കലാപ്രവർത്തനമാണ് ഒരു വ്യക്തിക്ക് ചെയ്യാവുന്ന ഉത്തമ കർമ്മമെന്നും കരുതുന്നില്ല.
കേവലം ഉപജീവനത്തിനായി ഗണ്യമായ ഒരു സമയം ചെലവഴിക്കെണ്ടിവരുന്ന ഓരോ വ്യക്തിക്കും തന്നെത്തന്നെ അപമതിപ്പ് തോന്നും. മകൻ, സ്നേഹിതൻ, കാമുകൻ, സഹോദരൻ, ഭർത്താവ്, പിതാവ് എന്നീ തലത്തിലൂടെ കടന്നുപോകുപ്പോഴും എല്ലാവർക്കും അതാണ് തൻ്റെ പൂർണത എന്ന് തോന്നണമെന്നില്ല.
ശാന്തമായി ഒറ്റക്ക് കുന്നിൻ മുകളിലോ, പുഴയോരത്തോ ഒന്നിനും വേണ്ടിയല്ലാതെ ഇരിക്കണമെന്നുണ്ട്. പക്ഷേ ജീവിതത്തിലെ കർമ്മബദ്ധങ്ങൾ ഒരിക്കലും അതിനനുവദിക്കാറില്ല. ഒരുതരത്തിൽ കൂടുതൽ അറിയുംതോറും നിഷ്ക്രിയത്വം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതായിരിക്കാം അക്കാദമിക് യോഗ്യത കൂടുതൽ ഉള്ളവരേക്കാൾ അതില്ലാത്തവർ കർമ്മ നൈരന്തര്യത്തിൽ മുഴുകുന്നത്.
അര നൂറ്റാണ്ട് ജീവിച്ചവന് അത്രയ്ക്ക് ജീവിതാനുഭവം ഇല്ലാത്തവരോട് എന്തെങ്കിലും കഴമ്പുള്ളത് വെളിപ്പെടുത്തേണ്ടതുണ്ടോ? എങ്കിൽ അവ:
1.ആധുനിക മനുഷ്യൻ വിഡ്ഢിയാണ് എന്നതാണ് അതിൽ ഒന്നാമതായുള്ളത്. യുവത്വത്തിൻറെ പകുതിവരെ ആരെക്കെയോ അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനുതകും വിധം മനുഷ്യനെ അച്ചടക്കമുള്ളവനാക്കാൻ സിലബസുകൾ നിശ്ചയിക്കുന്നു. കൂടുതൽ "മോൾഡാ"കുന്ന പ്രതിഭകൾക്ക് അവാർഡുകൾ കൊടുത്ത് കൂടുതൽ പേരെ അതിലേക്ക് ആകർഷിക്കുന്നു. (പാഠം: സ്വയം നിർണയിക്കാൻ അവകാശമില്ലാത്ത ലോകം)
2.വ്യക്തിക്കോ രാഷ്ട്രങ്ങൾക്കോ പോലും വ്യക്തമായ നിയന്ത്രണമില്ലാത്ത സുതാര്യമല്ലാത്ത "പേപ്പർ കറൻസി" സമ്പ്രാദായം വന്നതോടെ ഉല്പാദനവും അദ്വാനവും പ്രകൃതി വിഭവങ്ങളുമാണ് സമ്പത്ത് എന്നത് മാറി സൈനികവും നയതന്ത്രവും വഴി അനുകൂലമായ നിയമങ്ങൾ നിർമ്മിച്ച് വ്യാപകമായ മാധ്യമ പ്രചാരണത്തിലൂടെ അത് നിലനിറ്ത്തുക എന്നതാണ് വ്യക്തികൾ/രാഷ്ട്രങ്ങൾ പിന്നിലാണോ മുന്നിലാണോ എന്ന് നിശ്ചയിക്കുന്നത്. ( പാഠം: അധികാരമാണ് ധനം)
3. ഇന്ന് കാണാൻ കഴിയാത്ത, കഴിഞ്ഞ കാലങ്ങളിൽ ആഫ്രിക്കയിലൂം, അമേരിക്കയിലും, കേരളത്തിലും ഉണ്ടായിരുന്ന അടിമത്വത്തിനെകുറിച്ചു നീരസത്തോടെയേ നമുക്ക് ഓർക്കാനാവൂ. അന്ന് അടിമത്വമെന്നത് ശരീരികമാണെങ്കിൽ ഇന്ന് സൂക്തമമായി നിരീക്ഷിച്ചാൽ വൻ മൂലധനശക്തിക്ക് മാദ്ധ്യമങ്ങൾ വഴി അനസൂതമായ പ്രചാരണത്തിലൂടെ മാനുഷൻറെ ചിന്തകളെ സ്വാധീനിച്ച് അവർ ഇച്ഛിക്കും വിധമുള്ള ഒരു മാനസിക അടിമത്വവും ഉണ്ടാക്കാൻ കഴിയുന്നു. സാമൂഹിക മാധ്യമങ്ങൾക്ക് മുന്തിച്ചയുള്ള ഇക്കാലത്ത് നിയന്ത്രണം അൽഗോരിതം വഴി വ്യക്തിയാധിഷ്ഠിതമായിട്ടുണ്ട്. ഇത് ഒരാളുടെ പോസ്റ്റ് എവിടെവരെ എത്തണം/എത്തേണ്ട/ എന്ത് കാണണം/ കാണേണ്ട എന്ന് തീരുമാനിക്കാൻ കഴിയുന്ന വിധം രൂപംകൊണ്ട് ലോകത്തിലെ ഏറ്റവും ശക്തിയുള്ള ബിസിനസ്സ് ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ തെരഞ്ഞെടുപ്പുകൾക്ക് മേൽ സംപൂർണ നിയന്ത്രണം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. അതിനവർ കോഗ്‌നറ്റിക് ന്യുറോളജിയെ വരേ ആശ്രയിക്കുന്നു. (പാഠം: ഭൂരിഭാഗം മനുഷ്യരും ചിന്താതലത്തിൽ അടിമകളാണ്)
4.ജനാധിപത്യമെന്നത് ഏറ്റവും നല്ല ഭരണക്രമവുമായി ഞാനും കരുതിയിരുന്നു. (3)സൂചിപ്പിച്ച കാരണങ്ങളാൽ ജനമനസ്സിൻ്റെ ചിന്തയെ കൂട്ടമായി നിയന്ത്രിച്ചു മൂലധന ശക്തികൾക്ക് അവർ ഉദ്ദേശിക്കുന്ന വിധം ചലിപ്പിക്കാൻ ആകും. ലോകം പ്രത്യക്ഷത്തിൽ കാണുന്ന ഭരണക്രമത്തെത്തന്നെ നിയന്ത്രിക്കുന്നതിൽ AD 1118 മുതൽ ദി നൈറ്റ് ടെംപ്ലേറ്, 1776 മുതലുള്ള ഇല്ലുമിനാറ്റി, 1390 മുതലുള്ള ഫ്രീ മസോൺസ് മുതലായ രഹസ്യ സൊസൈറ്റികൾ, 16ആം നൂറ്റാണ്ടുമുതൽ ഇന്നുവരെ ലോക ബേങ്കിങ്, ഊർജ, ഔഷധ മേഘലയിലെ അതികായനായ റോത്തശ്ചിഡ് ഫാമിലി എന്നിവർ ലോകത്തെ പാർലമെൻറുകളെയും രാജകൊട്ടാരങ്ങളെയും വരെ നിയന്ത്രിക്കാൻ കഴിവുള്ളവരാണ്. ലോക മാധ്യമ, കായിക, വിനോദ, മുതലായവയുടെ നിയന്ത്രണം , തല്പര കക്ഷികൾക്ക് വിധേയത്വത്തിന് നൽകപ്പെടുന്ന അവാർഡുകൾ ഇവ വഴി അദൃശ്യമായി മനുഷ്യരെ നിയന്ത്രിക്കുന്നു. മേപ്പറഞ്ഞ സൊസൈറ്റികളിൽ അംഗമായിരുന്നവരുടെ പേരുകൾ പുറത്തറിഞ്ഞാൽ നമ്മൾ ഞെട്ടും. നിലവിലെ ഭരണക്രമങ്ങളെ തർക്കുക, സ്വത്തവകാശം ഇല്ലാതാക്കുക, കുടുബ സംവിധാനം ഇല്ലാതാക്കുക എന്നിവ ഇവരുടെ ലക്ഷ്യങ്ങളിൽ ചിലതാണ്. (പാഠം: നമ്മെ ഭരിക്കുന്നവർ ആരെന്ന് നമുക്കറിയാൻ വഴിയില്ല)
5.അവസാനമായി സങ്കല്പിക്കാറുണ്ട് അത് ഞാൻ ഒരുദിവസം സത്ത് പോയവനായാൽ എന്താകുമെന്നാണ്.
ജീവിത ശൈലി രോഗങ്ങൾ പൊതുവിൽ ഇല്ലെങ്കിലും 24മണിക്കൂറും അസ്വസ്ഥതയുള്ള ഒന്നിലധികം തൊഴിൽ ജന്യ രോഗങ്ങൾ ഉണ്ട്. ആശ്രിതർ ഒരുപക്ഷേ അവരുടേതായ പകര-സംവിധാനങ്ങൾ കണ്ടെത്താൻ മാസങ്ങൾ എടുക്കാം. നാടും സ്നേഹിതന്മാർക്കും ഒരാഴ്ചയിൽ കൂടുതൽ എന്നെ ഓർക്കേണ്ട ആവശ്യമില്ല. സൂര്യനും ചന്ദ്രനും അതിന്റെ പ്രയാണത്തിൽ തരിമ്പുപോലും മാറ്റമുണ്ടാക്കില്ല. ശരീര പുഷ്ടിക്ക് ഭൂമിയിൽ നിന്നെടുത്തതെല്ലാം ഭൂമി മടക്കിവാങ്ങും. സത്യത്തിൽ സമ്പത്തെന്നത് താത്കാലിക കൈകാര്യ കർത്വത്തിനുള്ള അവകാശം മാത്രമാണ് . ആധുനിക അക്കാലത്തു് സമ്പന്നൻ ICUയിൽ തണുത്ത് വിറച്ച് മരിക്കേ ആരവങ്ങളില്ലാതെ ദരിദ്രൻ ആശുപത്രി വരാന്തയിൽ മരിക്കുന്നു. ( പാഠം: ഞാൻ എന്ന സ്വത്വത്തിന് അമിത പ്രാധാന്യം ഇല്ല- നാം ഇല്ലെങ്കിലും ലോകത്തിന് ഒന്നും സംഭവിക്കില്ല.)
Subscribe to:
Post Comments (Atom)

No comments:
Post a Comment